Monday, March 7, 2011

ജനവിധി- Thrissur District

തൃശ്ശൂരിലെ നിയമസഭാ തെരഞ്ഞെടുപ്പു വിശേഷം

തൃശ്ശൂരിൽ ആകെയുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പതിമൂന്ന്. നേരത്തെ പതിനാലു മണ്ഡലങ്ങളുണ്ടായിരുന്നതിൽ ഒരെണ്ണം കുറഞ്ഞു. പല മണ്ഡലങ്ങളുടേയും പേരുകൾ നിലനിർത്തിയിട്ടുണ്ടെങ്കിലും അതിർത്തികളിൽ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ കക്ഷികളുടേയും മുന്നണികളുടേയും മണ്ഡലം തിരിച്ചുള്ള ബലാബലത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മുൻ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഇത്തവണത്തേത് പ്രവചിക്കുന്നത് ഫലപ്രദമാകണമെന്നില്ല.

നിലവിലെ നിയമസഭാ സീറ്റുകൾ

1. തൃശ്ശൂർ
2. ഒല്ലൂർ
3. പുതുക്കാട്
4. ഇരിങ്ങാലക്കുട
5. ചാലക്കുടി
6. കൊടുങ്ങല്ലൂർ
7. കയ്പമംഗലം
8. നാട്ടിക
9. മണലൂർ
10. ഗുരുവായൂർ
11. കുന്നംകുളം
12. വടക്കാഞ്ചേരി
13. ചേലക്കര.

ഇതിൽ ചേലക്കരയും നാട്ടികയും എസ്.സി. സംവരണ സീറ്റുകളാണ്. നേരത്തെ ജില്ലയിൽ ചേലക്കര മാത്രമേ സംവരണ സീറ്റായി ഉണ്ടായിരുന്നുള്ളൂ.

യു.ഡി.എഫിന് നല്ല അടിത്തറയുണ്ടായിരുന്ന ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 14 ൽ വെറും 3 സീറ്റ് മാത്രമേ മുന്നണിയ്ക്ക് നേടാൻ കഴിഞ്ഞുള്ളൂ. പിന്നീട് നടന്ന 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് താരതംയേന നിറം കെട്ട പ്രകടനമായിരുന്നു യു.ഡി.എഫിന്റേത്. എന്നാൽ ഈയിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചുവരവാണ് ജില്ലയിൽ ഐക്യമുന്നണി നടത്തിയത്. ജില്ലാ പഞ്ചായത്തിലും അഞ്ചിൽ നാലു ഭൂരിപക്ഷത്തോടെ തൃശ്ശൂർ കോർപ്പറേഷനിലും മുന്നണി ഭരണം തിരിച്ചുപിടിച്ചു. ആറ് മുനിസിപ്പാലിറ്റികളിൽ മൂന്നെണ്ണത്തിനു പുറമേ ഭൂരിപക്ഷം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും ഇന്ന് യു.ഡി.എഫ്. നിയന്ത്രണത്തിലാണ്. എന്നാൽ ജില്ലാ കോൺഗ്രസ്സ് നേതൃത്ത്വത്തിലെ പടലപ്പിണക്കങ്ങൾ സംഘടനാ പ്രവർത്തനത്തെ ഈയടുത്ത കാലം വരെ പിന്നാക്കം വലിച്ചിരുന്നു. വിവാദങ്ങളേത്തുടർന്ന് മാറ്റി നിർത്തിയ സി.എൻ.ബാലകൃഷ്ണനു പകരം ഒരു സ്ഥിരം ഡി.സി.സി. പ്രസിഡന്റിനെ നിയമിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായ ബെന്നി ബഹനാനാണ് ഇപ്പോൾ ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല. അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തനങ്ങൾ സജീവമായി വരുന്നു.

മറുഭാഗത്ത് സി.പി.എമ്മിലും വിഭാഗീയത പൂർണ്ണമായി അവസാനിച്ചിട്ടില്ല. വെട്ടിനിരത്തലിനൊടുവിൽ ടി.ശശിധരനെപ്പോലുള്ള പല മുൻനിര നേതാക്കളും ഇപ്പോൾ നിർജ്ജീവമായിക്കഴിയുന്നു. നിഷ്ക്രിയത്ത്വമാരോപിച്ച് ഡിവൈഎഫ്ഐ ജില്ലാക്കമ്മിറ്റി ഈയിടെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ അവരോധിച്ചിരുന്നു. കുന്ദംകുളം, നാട്ടിക മേഖലകളിൽ സി.പി.എം വിമതരുടെ സാന്നിധ്യവും ശക്തമാണ്. എന്നാലും ചിട്ടയായ സംഘടനാപ്രവർത്തനവും താരതംയേന ചെറുപ്പക്കാരും പുതുമുഖങ്ങളുമായ സിറ്റിങ്ങ് എം.എൽ.എ.മാരുടെ ജനകീയപ്രവർത്തനങ്ങളും പാർട്ടിയ്ക്ക്പ്രതീക്ഷ നൽകുന്നു.

ബി.ജെ.പി. സംഘടനാ സംവിധാനത്തിലെ നെടുകെയുള്ള പിളർപ്പ് പാർട്ടിയെ കാര്യമായി ശോഷിപ്പിച്ചിരിക്കുന്നു എന്നതാണ് പൊതുവിലയിരുത്തൽ. എന്നിരുന്നാലും തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കാഴ്ചവെക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ധാരണയുണ്ടാക്കാൻ തയ്യാറാണെന്ന ബി.ജെ.പി. ജില്ലാ പ്രസിഡണ്ടിന്റെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.


No comments:

Post a Comment